Wednesday, June 22, 2022

ഒരു പാട്ട് പാടാമോ?

 

                  ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

പോയകാലത്തിന്‍ വെട്ടമിത്തിരിക്കിടപ്പുണ്ട്;

നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടൂ!

കിഴക്കന്‍ മൂടികള്‍തന്‍ മോഹനമാമാരോഹം,

മുഴങ്ങും തിരകള്‍തന്‍ ലോലമാമവരോഹം,

ഇടയ്ക്കു തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍

തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും

നിഴലിട്ടതാവണം നിന്‍ രാഗചിത്രം; മേടും

പുഴയും കാടും വര്‍ണ്ണോന്മീലനങ്ങളില്‍ വേണ്ടേ?

ഇത്തിരി ലളിതമായിരുന്നാല്‍ക്കൊള്ളാ;മേതു-

ഹൃത്തിനും താളം പിഴയ്ക്കാതിരിക്കണമല്ലോ,

ഉപബോധത്തിന്നടിത്തട്ടില്‍ നിന്നൊരു ലയ-

മുറവായുയരണ,മുലകം മുഴുകണം

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

അനുപല്ലവിയായലപിക്കുക, രാഗത്തിന്‍റെ

കൂനുകൂന്തല്‍ പോല്‍ കുളിര്‍ന്നിഴയട്ടെയാത്മാവില്‍

പുളകങ്ങളെക്കൊണ്ടു മൂടിയക്ഷരകാല-

മളകങ്ങള്‍തന്‍ സൂക്ഷ്മച്ഛായയായിളകട്ടെ

തേന്‍കദളിതന്‍ നറുംകൂമ്പുപോല്‍ സ്വയം രാഗ-

സങ്കല്‍പം വിരിയുന്നോരനുപല്ലവി വേണം

കാലമാമാസര്‍ക്കസ്സുകാരന്റെ കൂടാരത്തിന്‍

മൂലയ്ക്കല്‍നിന്നും തലയെടുപ്പുള്ളോരു ചിങ്ങം

നിവരും സടാഗ്രങ്ങള്‍ ചാരവര്‍ണ്ണമാം മേഘ-

നിരയിലിടയ്ക്കിടെ വെയിലില്‍ച്ചലിക്കവേ

അഴകേറിടും കൃഷ്ണമാനിന്‍റെ പറ്റം പോലെ-

യുഴറും നിഴലുകളമ്പരന്നോടിപ്പോകെ,

മേടുകള്‍ തോറും പച്ചക്കാടുകള്‍ തോറും പൂക്കള്‍-

തേടുമോമനക്കുഞ്ഞുങ്ങളെയുല്ലസിപ്പിച്ചും

ചെങ്കതിരാടും പാദം കടന്നും മലന്നാട്ടു-

പെണ്‍കൊടികള്‍തന്‍ ചൊടിയാര്‍ന്നിടും നട കണ്ടും

നനവുള്ളിളം ചൂടുകാറ്റോടെ മണപ്പിക്കെ-

യനങ്ങും തെങ്ങിന്‍തോപ്പിന്‍ പട്ടയിലുരുമ്മിയും

ആക്കമാര്‍, ന്നഴകിയ,ന്നങ്കണങ്ങളിലോരോ

പൂക്കളങ്ങളില്‍ പദമൂന്നിക്കൊണ്ടന്തസ്സോടെ

വരുമാ വരവിന്‍റെ ദര്‍പ്പദീപ്തമാം ഭാവം

വരണം ചടുലമാമനുപല്ലവിക്കുള്ളില്‍

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

വടിവൊത്തതാം തെങ്ങിന്‍ പൊന്നിന്‍ പൂക്കുല പൊട്ടി

വിടരുന്നതുപോലെ വരണം ചരണങ്ങള്‍

നവമാനവമുഖരാഗമാവണം രാഗം

നവമാം വികാസത്തിന്‍ താളമാവണം താളം

ബലി തന്‍ കഥ വേണ്ട; സാമ്രാജ്യമേതായാലും

പൊലിയും ചെറിയവന്‍ വളര്‍ന്നു വരും നാളില്‍.

അടികൂപ്പി നിന്നിടുമാസുരപ്രഭാവത്തിന്‍

മുടിയില്‍ തുമ്പപ്പൂവുപോലെഴും കഴലൂന്നി,

താളത്തിന്‍ ക്രമം പിഴയ്ക്കാതെയായിരം കോടി

ഗോളങ്ങള്‍ കൊണ്ടമ്മാനമാടിടും പ്രകൃതിയെ

ഈരടിയായിട്ടളന്നെടുക്കാനൊരുമ്പെടും 

ധീരനാം തേജസ്വിയെ, ചെറിയ മനുഷ്യനെ,

അവന്‍റെ വളര്‍ച്ചയിലൂടെ നേടിടും സത്യ-

ശിവസുന്ദരസങ്കല്പങ്ങള്‍തന്‍ ലോകങ്ങളെ

ബിംബിപ്പിക്കേണം രാഗം; ഷഡ്കാലഗോവിന്ദന്‍റെ

തംബുരുവെവിടെ നിന്നെങ്കിലും കണ്ടെത്തിയില്ലേ

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?



Sunday, April 17, 2022

വെണ്ണക്കല്ലിന്‍റെ കഥ

 

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു

ഗാതാവു വന്നു പിറന്നുവത്രേ

കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ

കല്ലിനും കണ്ണീരുറന്നുവത്രേ

ബാലന്‍ യുവാവായ കാലത്തു ചന്തവും

ശീലഗുണവും മനോബലവും

ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു

മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ

നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍

നിര്‍വൃതി കോരിക്കുടിച്ചുവത്രേ

പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു

കിട്ടുന്നു രാജനിദേശമേവം:

"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-

നാളം കൊളുത്തണം ഗായകന്‍ നീ"

അന്നം വിളിച്ച വിളിക്കവ'നുത്തര'-

വെന്നേ മറുപടി ചൊല്ലിയുള്ളു

വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍

പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം

മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന

മൂകനാം ഗായകന്‍ കണ്ടുവത്രേ

വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍

വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍

ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത

വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.

ഉന്നതശീര്‍ഷനാം മന്നന്‍റെ കോടീര-

പ്പൊന്നില്‍ മുത്തായവന്‍ വാണകാലം

നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം

കൊത്തുന്ന കാളഫണികള്‍ പോലെ

പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍

പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ

പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-

ന്നൂറുമലിവും വരണ്ടുപോകെ,

ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍

പാടിത്തനിക്കുമദമ്യനാകേ

പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ

ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,

ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി

നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,

മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-

ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.

യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-

ളാ മനുഷ്യന്നു മുകളിലൂടെ

പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന

പൊങ്ങുതടിപോല്‍ക്കടന്നുപോയി

രാജസദസ്സല്ല, നര്‍ത്തകിമാരല്ല

രാജാവും മണ്ണിലുറക്കമായി

എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല

പിന്നീടൊരിക്കലും പാട്ടുകാരന്‍

മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍

മണ്ണായി ജീവിച്ചിരിക്കയത്രേ

കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍

കല്ലായുറച്ചു വളര്‍ന്നുവന്നു,

മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-

ല്ലെന്നു വിളിപ്പതതിനെയത്രേ.

പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-

ഗംഭീരസത്യമറിഞ്ഞിടാതെ,

ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-

ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌

മൂഢതയെക്കാളുപരിയൊന്നില്ലല്ലോ

മൂവുലകത്തിലും നിര്‍ഘൃണത്വം

വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍

കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!

എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-

ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!

ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-

ന്നാവില്ലെനിക്കു വിശദമാക്കാന്‍

സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,

ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.

Sunday, April 10, 2022

ഗോപികാദണ്ഡകം


അറിയുന്നു ഗോപികേ നിന്നെ ഞാനെന്‍റെയീ-

വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍

മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍

ഗോപികേ നിന്‍റെയീ ചിരകാല വിരഹത്തില്‍

ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്

അറിയുന്നു ഗോപികേ നിന്നെ ഞാന്‍

അറിയുന്നു ഗോപികേ.


നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന

കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍

ഗോക്കളലയുന്ന വൃന്ദാവനത്തിന്‍റെ വൃക്ഷതണല്‍പറ്റി

യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്

കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്‍റെ

ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-

ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍

അറിയുന്നു ഗോപികേ.


വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്

തഴുതിട്ട കതകിന്‍റെ പിറകില്‍ തളര്‍ന്നിരു-

ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ

മുകരുന്ന ഗോപികേ

വിരലാല്‍ മനസ്സിന്‍റെ ഇതളുകള്‍ തടവുമ്പോള്‍

ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍

ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ


ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ

ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ

എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു കൊ-

ണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍

തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ


തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍

തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ

തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍

തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ

തഴുകൂ തണുപ്പിന്‍റെ ചൂടും ചൂടിന്‍ തണുപ്പും

പകരുന്ന ഹേമന്തമായി പടരൂ

പടരൂ തീനാളമായി പിടയൂ

പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്

വന്നെന്‍റെ ചുണ്ടില്‍ തുടിയ്ക്കൂ

തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്‍റെ

മുലപോലെ മാര്‍ദ്ദവം വിങ്ങി ചുരത്തൂ

മധുമാസ വധുവിന്‍റെ സമ്മാനമാകുമീ

വനമാല പങ്കിട്ടെടുക്കൂ

ചിരിയ്ക്കൂ, ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍

ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ


തളകെട്ടി വളയിട്ടു താളം ചവിട്ടി

തളിരൊത്ത പാവാട വട്ടം ചുഴറ്റി

പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍

അവിടെത്ര ഗോപിമാര്‍, അവിടെ നീ പോകേണ്ട

അവിടെ നീ പോകേണ്ട,തവരുടെ മാര്‍ഗ്ഗമെന്നറിയൂ

നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാ-

ണതുഞാനെന്നറിഞ്ഞെന്നറിയൂ


ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍

നിന്‍റെ പരിദേവനം നിറയാതെ നിറയുന്ന

കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും

പുല്ലെങ്ങു തിരയുന്ന പശുവും

പശുവെങ്ങു തിരയുന്നൊരിടയക്കിടാങ്ങളും

വനരാജി പതയുന്ന നറുവെണ്‍നിലാവും

രസരാസ കേളിയും മഴവന്ന കാലത്ത്

മലയേന്തി നില്‍ക്കുന്ന നിലയും

മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍

അലിവോടെ കേറിയടവറുപത്തിനാലും

കൊരുക്കുന്ന കാലുകളും

ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും

ശൂന്യമായ് ഒരു തേങ്ങലായി

നിഴല്‍ വീശും കടമ്പിന്‍റെ മുരടിച്ച കൊമ്പും

ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍

ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും

വേണ്ടതറിയുന്നു ഗോപികേ.

അറിയുന്നു ഗോപികേ.


പൂക്കാതിരിക്കാനെനിക്കാവതില്ലേ


എനിക്കാവതില്ലേ പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ... 

കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ 

പൂക്കാതിരിക്കാനെനിക്കാവതില്ലേ..

 വിഷുക്കാലമെത്തിക്കഴിഞ്ഞാ-

ലുറക്കത്തിൽ ഞാൻ ഞെട്ടിഞെട്ടിത്തരിക്കും

ഇരുൾതൊപ്പി പൊക്കിപ്പതുക്കെ

പ്രഭാതം ചിരിക്കാൻ ശ്രമിക്കും

പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും

വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും

ഞരമ്പിന്‍റെയുള്ളിൽത്തിരക്കാ-

ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-

യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം

ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-

മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ

എൻ താലി നിൻ താലി പൂത്താലിയാടി-

ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-

നിൽക്കും കണിക്കൊന്നയല്ലേ 

പൂക്കാതിരിക്കാനെനിക്കാവതില്ലേ.

എവിടെന്‍റെ ഹരിതങ്ങളെല്ലാം മറഞ്ഞു

എവിടെന്‍റെ ദുരിതങ്ങൾ കൊടുവേനലിൽ

കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-

ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട

മൃദുശാഖകൾ സർവമെവിടെയോ

മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു

വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ

തളിരിന്‍റെ തളിരായ  താലീവിലാസം

എവിടെനിന്നെവിടെനിന്നണയുന്നു

മേടവിഷുസംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു

കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു-

യനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-

യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-

യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ

കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ

ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു

ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി

എനിക്കാവതില്ലേ പലവർണമാകാൻ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ

നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം

കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ

തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം

കല്യാണമന്ത്രം പൊഴിക്കുന്ന  വർണം

കളകളം പാടിക്കുണുങ്ങുന്ന  വർണം

താനെ മയങ്ങിത്തിളങ്ങുന്ന  വർണം

വേറുള്ളതെല്ലാം തിളക്കുന്ന  വർണം

പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ-

രന്തിച്ചുവപ്പിന്നകമ്പടി വർണം

പന്ത്രണ്ടു സൂര്യന്‍റെ കിരണങ്ങൾ മേഘ-

പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-

യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങു-

മെന്നും തിളങ്ങുന്ന  വർണം

ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-

ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ...

കാടെവിടെ മക്കളേ

 

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!

കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?

കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന

കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന

പ്ലാവുകള്‍, മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത

കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-

ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

മരവും മനുഷ്യനും കിളിയും മൃഗങ്ങളും

ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-

പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ

അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന

ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത

വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത

കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും

മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-

രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും

മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-

രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന

മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,

കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,

കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത

കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,

തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,

കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,

കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,

കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,

കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-

രെന്‍റെ,നാടെന്‍റെനാടെവിടെന്‍റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-

ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്‍റെ നാ-

ടെന്‍റെനാടെന്‍റെനാടെവിടെന്‍റെ മക്കളേ?